ധാക്ക: ബംഗ്ലാദേശ് പൗരൻമാർക്കുള്ള ടൂറിസ്റ്റ് വീസ സേവനം ഇന്ത്യ പുനരാരംഭിക്കുമെന്ന് ബംഗ്ലാദേശിൽ പുതിയതായി നിയമിതനായ ഇന്ത്യ ഹൈക്കമ്മീഷണർ ദിനേഷ് ത്രിവേദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സാധാരണനിലയിലാക്കുന്നതിന്റെ ഭാഗമായാണ് സുപ്രധാനമായ തീരുമാനം.
ജൂൺ 28ന് ഈ സേവനം നിലവിൽവരുമെന്നും അദ്ദേഹം അറിയിച്ചു. മാനുഷികപരിഗണന മുൻനിർത്തി അടിയന്തരസാഹചര്യങ്ങളിൽ മെഡിക്കൽ വീസ നൽകുന്നതു തുടരുമെന്നും ഹൈക്കമ്മീഷണർ വ്യക്തമാക്കി.
ബംഗ്ലാദേശിലെ അഞ്ചു വീസ അപേക്ഷകേന്ദ്രങ്ങളായ ധാക്ക, രാജ്ഷാഹി, ചിറ്റഗോംഗ്, സിൽഹെറ്റ്, ഖുൽന എന്നിവിടങ്ങളിൽ ഞായറാഴ്ച അപേക്ഷകൾ സ്വീകരിച്ചുതുടങ്ങും. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് ബംഗ്ലാദേശ് പൗരൻമാർക്ക് ടൂറിസ്റ്റ് വീസ നൽകുന്നത് നിർത്തിവച്ചിരുന്നത്.